തൃശൂർ: ജില്ലയിലെ കടങ്ങോട് ഗ്രാമപഞ്ചായത്തിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥീരികരിച്ച സാഹചര്യത്തിൽ നടപടികൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. മൃഗസംരക്ഷണവകുപ്പ് ബംഗളൂരു എസ്ആർഡിഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ജില്ലയിൽ മൂന്നു മാസങ്ങളിലായി മൂന്നു പഞ്ചായത്തുകളിൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരുതൽനടപടികൾ കടുപ്പിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നതു തടയുന്നതിനായി രോഗബാധ കണ്ടെത്തിയ ഫാമിനുചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിതപ്രദേശമായും പത്തു കിലോമീറ്റർ രോഗനിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽനിന്നു പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ മറ്റു ജില്ലകളിലേക്കു കൊണ്ടുപോകുന്നതു നിയന്ത്രിക്കുന്നതിനു വേണ്ട നടപടികൾ കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരം സ്വീകരിക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കു നിർദേശം നൽകി. ഇതുസംബന്ധിച്ച കർശനനിർദേശങ്ങളടങ്ങിയ ഉത്തരവ് 17 മുതൽ ജില്ലയിൽ നിലവിൽ വന്നു. ഈ സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ദ്രുതകർമസേന പ്രവർത്തനം ആരംഭിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീന ആന്റണി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. സുബിൻ കോലാടി, അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനീഷ് രാജ്, വെറ്ററിനറി സർജൻമാരായ ഡോ. മനോജ്, ഡോ. അനൂപ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ അറ്റൻഡന്റ് എന്നിവരടങ്ങുന്നതാണ് ടീം.
മനുഷ്യരിലേക്കു പകരില്ല
പന്നികളിൽമാത്രം കണ്ടുവരുന്ന ആഫ്രിക്കൻ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു.
ക്രിസ്മസ് വിപണിയിലും ആശങ്ക
തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലായ വിപണി ആഫ്രിക്കന്‍ പന്നിപ്പനിയുടെ ആശങ്കയിലെന്നു വ്യാപാരികള്‍. പാലക്കാടും എരുമപ്പെട്ടിയിലെ കടങ്ങോടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ക്രിസ്മസ് വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഘടകമായ പന്നിയിറച്ചി വാങ്ങാന്‍ മടിക്കുകയാണ് ആവശ്യക്കാര്‍. സീസണ് സമയത്തുതന്നെ പന്നിപ്പനിഭീതിയെത്തിയതോടെ ഇറച്ചിവ്യാപാരം ഇടിഞ്ഞെന്നു വ്യാപാരികള്‍ പറഞ്ഞു. കുടുംബവിരുന്നുകളിലെ വിഭവപ്പട്ടികയില്നിന്ന് പലരും പന്നിയിറച്ചി ഒഴിവാക്കി.
ഇറച്ചിവ്യാപാരം നടത്തുന്നവർക്കു വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറോടെ കുതിച്ചുയര്‍ന്ന പന്നിവില്പന മൊത്തമായി ഇടിഞ്ഞെന്ന് കിഴക്കേകോട്ടയിലെ ഇറച്ചിവ്യാപാര സ്ഥാപനമുടമകള്‍ പറഞ്ഞു. ഒരു ദിവസം മുപ്പതുകിലോ പന്നിയിറച്ചി വിറ്റുപോയിരുന്നത് ഇപ്പോള്‍ പരമാവധി രണ്ടു കിലോ ഇറച്ചിയാണ് വില്‍ക്കുന്നത്.
പത്തു കിലോയില്‍ താഴെ ഇറച്ചി മാത്രമാണ് ഇപ്പോള്‍ സ്റ്റോക്ക് വയ്ക്കുന്നത്. അതുപോലും വിറ്റുപോകാത്തതു നഷ്ടമുണ്ടാക്കുന്നു. കിലോയ്ക്കു 420 രൂപയ്ക്ക് വിറ്റിരുന്ന പന്നിയിറച്ചി വില 300 ആയി താഴ്ത്തിയിട്ടും വാങ്ങാന്‍ ആളില്ല. പന്നിക്കുപകരം താറാവ്, കോഴി ഇറച്ചിയിലേക്ക് ആവശ്യം ചുരുക്കുകയാണ്.
ജില്ലയിലെ പലയിടത്തും വില്പനശാലകളില് ഇതേ അനുഭവംതന്നെയാണെന്നു വ്യാപാരികള്‍ പറഞ്ഞു. ശക്തന് മാര്‍ക്കറ്റിലും പന്നിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞു.
രോഗം മനുഷ്യരിലേക്കു പകരില്ലെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം ഉണ്ടായിട്ടും പന്നിപ്പനി പലരിലും ഭീതിയുണ്ടാക്കുകയാണ്. ഈ മനോഭാവമാണ് വില്പനയെ നേരിട്ടു ബാധിക്കുന്നത്.
പന്നികളുടെ ദയാവധം നടപ്പിലാക്കി
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് മണ്ടംപറമ്പിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിൽ പന്നികളുടെ ദയാവധം നടപ്പിലാക്കി. ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെയും കടങ്ങോട് പഞ്ചായത്തിന്റെയും വെറ്ററിനറി ആശുപത്രിയുടെയും നേതൃത്വത്തിലാണ് കള്ളിംഗ് ഓപ്പറേഷൻ നടത്തിയത്.
മണ്ടംപറമ്പ് പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ച് ഫാമുകളിലെ മുന്നൂറിലധികം പന്നികളെയാണ് കൊന്നൊടുക്കുന്നത്. എപ്പിഡമിക് പ്രോട്ടോകോൾ പ്രകാരം ആർ.ആർ.ടി പ്രവർത്തകരാണ് പന്നികളെ കൊല്ലുന്നത്. ഫാമുകളിൽതന്നെ സംസ്കരിച്ചു.
ചൊവ്വാഴ്ചയാണ് പന്നികൾക്കു പന്നിപ്പനി സ്ഥിരീകരിച്ചത്. കുന്നംകുളം അസി. പ്രോജക്ട് ഓഫീസർ ഡോ. സുബിൻ കോലാടി, സീനിയർ വെറ്ററിനറി സർജൻ ഡോ. അനീഷ് രാജ്, ഡോ. മനോജ് തെറ്റയിൽ, ഡോ. അനൂപ് ജിയോ ജോസ്, ഡോ. സാം എബ്രഹാം എന്നിവർ നേതൃത്വം നൽകി.